About

ചരിത്രത്തിലൂടെ........

യേശുക്രിസ്തുവിൻ്റെ തൃക്കൈലാളനത്തിന് ഭാഗ്യം ലഭിച്ച, സത്യവിശ്വസത്തെ ജീവനിലും വലുതായി കരുതി ക്രിസ്തു മത പീഠകനായ റോമാ ചക്രവർത്തി ട്രാജനാൽ എ. ഡി. 107 ഒക്ടോബർ 17ന് സിംഹക്കുഴിയിലേക്ക് വലിച്ചെറിയപ്പെട്ട് രക്ത സാക്ഷിത്വം പ്രാപിച്ച, തീക്കടുത്തവനെന്നറിയപ്പെടുന്ന അന്ത്യോഖ്യായിലെ മൂന്നാമത്തെ പാത്രിയർക്കീസായ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ പരിപാവന നാമധേയത്തിൽ സ്ഥാപിക്കപ്പെട്ടതും, വിശ്വാസികളായ ആവശ്യക്കാരുടെ മുൻപിൽ നിറഞ്ഞൊഴകുന്ന അനുഗ്രഹ ശ്രോതസായി പരീലസിക്കുന്നതും, പരി. യൽദോ മോർ ബാസേലിയോസ് ബാവായുടെ പാദസ്പർശമേറ്റ പുണ്ണ്യ മണ്ണിൽ സ്ഥാപിചിട്ടുള്ളതുമായ മോർ ഇഗ്നാത്തിയോസ് നൂറോനോ പള്ളി.

ആദ്യകാല കുടിയേറ്റക്കാരിൽ ഏറിയ പങ്കും കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നും വന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനികളായിരുന്നു. അടിമാലിയിൽ സ്ഥാപിതമായിരുന്ന വി. പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ നാമത്തിലുള്ള പള്ളിയായിരുന്നു മന്നാംങ്കണ്ടം വില്ലേജായിത്തീർന്ന ഈ വലിയ കുടിയേറ്റ പ്രദേശത്ത് ഉള്ളവരുടെ ആത്മീയാവശ്യങ്ങളക്ക് ഉതകിയിരുന്നത്. വാളറ മുതലുള്ള വിശ്വാസികൾ ആത്മീയാവശ്യങ്ങൾ നിറവേറ്റുവാൻ ഇത്ര ദൂരം യാത്ര ചെയ്യേണ്ടിയിരുന്നത് ദുഷ്ക്കരമായതിനാൽ സമീപത്തോരാലയം എന്ന ചിന്ത ബലപ്പെട്ടു.

ബഹുമാനപ്പെട്ട കവുങ്ങുംപിള്ളിൽ ജോസഫ് കശീശയുടെ നേതൃത്വത്തിൽ മച്ചിപ്ലാവ് ഭാഗത്ത് ദേവാലയം പണിയുന്നതിനെക്കുറിച്ച് ആലോചന ആരംഭിച്ചു. പള്ളി പണിയുന്നു സ്ഥലം ഇടവക മെത്രോപ്പൊലീത്തയുടെ പേരിൽ ആധാരം ചെയ്ത് കൊടുക്കണമെന്ന സഭ നിലപാട് കാരണം മച്ചിപ്ലാവ് ഭാഗത്തുള്ള ജനങ്ങൾ അതിനു തയ്യാറായില്ല. നിരാശരായ പൂർവികർ 14 -ാം മൈൽ ഭാഗത്ത് താമസിച്ചിരുന്ന വലിയമറ്റം കുര്യാക്കോസിൻ്റെ ഭവനത്തിൽ 1957 - മാണ്ട് ഡിസംബർ മാസം 23 -ാം തീയതി തിങ്കളാഴ്ച പകൽ 2 മണിക്ക് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ വയലിപറമ്പിൽ ഗീവറുഗീസ് മോർ ഗ്രീോറിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിലും ബഹു. ജോസഫ് കശ്ശീശയുടെ സാന്നിദ്ധ്യത്തിലും മുപ്പത് ആളുകൾ പങ്കെടുത്ത പൊതുയോഗം നടത്തപ്പെടുകയും, ടി പൊതുയോഗത്തിൽ വലിയമറ്റം പൈലി കുര്യോക്കോസിനെയും മാറാച്ചേരി പുത്തയത്ത് (പൂവാനിക്കുടി) വർക്കി ചാക്കോയെയും തന്നാണ്ട് കൈക്കാരന്മാരായി തിരഞ്ഞെടുത്തു. അന്ന് തന്നെ പള്ളി പണിയുന്നതിലേക്കായി 14 -ാം മൈൽ താമസക്കാരനായ ചുള്ളിങ്ങൽ പൈലി, പൈലിയുടെ ഒരേക്കർ വരുന്ന സ്ഥലം 500 രൂപ കൈപ്പറ്റി ഭദ്രാസന മെത്രാപ്പോലീത്ത അഭി. വയലിപറമ്പിൽ ഗീവറുഗീസ് മോർ ഗ്രിോറിയോസ് തിരുമേനിയുടെ പേരിൽ തീറായി എഴുതി വാങ്ങുകയും ചെയ്തിട്ടുള്ളതാകുന്നു. ടീ സ്ഥലത്ത് താത്കാലികമായി ഒരു പുല്ല് മേഞ്ഞ ഷെഡ് നിർമ്മിക്കുകയും 1958 ജനുവരി 9 -ാം തീയതി അഭി. തിരുമനസ്സ്കൊണ്ട് വിശുദ്ധബലി അർപ്പിച്ച് ആലയത്തിൻ്റെ ശിലാസ്ഥാപനവും നിർവഹിച്ചിട്ടുള്ളതാകുന്നു.

മന്നാംങ്കണ്ടം 14 -ാം മൈൽ കർമ്മേൽകുന്ന് മോർ ഇഗ്നാത്തിയോസ് നൂറോനോ പള്ളിയെന്ന നാമകരണത്തോടെ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പരി. പത്രോസിൻ്റെ ശ്ലൈഹിക സിംഹാസനത്തിൻ കീഴിലുള്ള മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയിലെ അങ്കമാലി ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്ത അഭി. വയലിപറമ്പിൽ ഗീവറുഗീസ് തിരുമനസ്സ്കൊണ്ട് വി. ബലിയർപ്പിച്ച് ഹൈറേഞ്ചിലെ രണ്ടാമത്തെ പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.

ഇടവകയുടെ ദൈനംദിന വളർച്ചയോടൊപ്പം സൺഡേ സ്‌കൂൾ, യൂത്ത് അസ്സോസിയേഷൻ, മർത്തമറിയം വനിതാ സമാജം എന്നീ ഭക്തസംഘടനകൾ ആരംഭിക്കുകയും അവരുടെ കൂട്ടായ പ്രവർത്തനങ്ങളാൽ ഇടവക ആത്മീയമായും ഭൗതികമായും വളർച്ച പ്രാപിച്ചു. എല്ലാ ഇടവക അംഗങ്ങളുടേയും പൂർണ്ണമായ സഹകരണത്തോടുകൂടി പിന്നീട് പള്ളിപുരയിടത്തിന് തെക്കും, ആലുവ മൂന്നാർ റോഡിന് വടക്കുഭാഗത്തും സ്ഥിതി ചെയ്‌തിരുന്ന 1 ഏക്കർ പുരയിടം വില കൊടുത്ത് വാങ്ങി. അനുയോജ്യമായ സ്ഥലത്ത് തറ നിരപ്പാക്കി പുതിയ പള്ളി കെട്ടിടത്തിന് 06-06-1960 തിങ്കളാഴ്‌ച പണികൾ ആരംഭിച്ചു. സാധുക്കളായ ഇടവകക്കാർ ദിവസം 10 പേർ എന്ന കണക്കിൽ ശ്രമദാനമായി പണികൾ ചെയ്തു.

1967-ലെ വാർഷിക പൊതുയോഗത്തിൽ വച്ച് പലകകൾ മാറ്റി ഭിത്തി പണിത് ഉറപ്പുള്ള ഒരു ദൈവാലയം നിർമ്മിക്കാൻ തീരുമാനിച്ചതനുസരിച്ച് ഇടവകാംഗങ്ങളിൽനിന്നും പള്ളിയാവശ്യത്തിന് ഫലമെടുക്കുവാൻ തക്കവണ്ണം പുരയിടത്തിലെ നിശ്ചിത ഫലവൃക്ഷങ്ങൾ 3 വർഷത്തേയ്ക്ക് പള്ളിക്ക് വിട്ടുകൊടുത്തും ഷെയറുകൾ നൽകിയും പള്ളി പണിക്ക് ആവശ്യമായ ധനസമാഹരണം നടത്തി. ദേവിയാറാറ്റിൽനിന്നും കടുത്ത തമ്പകത്തടി പുതിയ പള്ളിയുടെ മേൽക്കൂര പണിയുന്നതിന് ഉപകരിച്ചു. 1973 ജനുവരി 8-9 വാർഷികപ്പെരുന്നാളിനോടനുബന്ധിച്ച് പുതിയ പള്ളിയുടെ താല്ക്കാലിക കൂദാശ കർമ്മേൽകുന്നിൽ ഭക്ത്യാദരവോടെ നടത്തപ്പെട്ടു.

1961 ജനുവരി 8, 9 പെരുന്നാളിനോടനുബന്ധിച്ച് 14-ാം മൈലിൽ മച്ചിപ്ലാവ് പാലപ്പിള്ളി വർക്കി മത്തായി നൽകിയ സ്ഥലത്ത് വി. യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിലും 12-ാം മൈലിൽ മാറാച്ചേരി പുത്തയത്ത് വർക്കി ചാക്കോ നൽകിയ സ്ഥലത്ത് വി. ഗീവർഗീസ് സഹദായുടെ നാമത്തിലും പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് എൻ.എച്ച് റോഡിനരുകിൽ വി. ഇഗ്നാത്തിയോസ് നൂറോനൊയുടെ നാമത്തിലും 1984-ൽ മെഴുകും ചാൽ കവലയിൽ വി. ചാത്തുരുത്തിയിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലും 2007-ൽ മച്ചിപ്ലാവ് സ്കൂ‌ൾ പടിയിൽ മണ്ണാപറമ്പിൽ എലിയാസ് വർക്കി വഴിപാടായി നൽകിയ സ്ഥലത്ത് സുവർണ്ണ ജൂബിലി സ്‌മാരകമായി വി. ദൈവമാതാവിൻ്റെയും വി. സ്തേഫാനോസ് ഏലിയാസ് തൃദീയൻ പാത്രിയർക്കീസ് ബാവയുടെയും നാമത്തിലും കുരിശിൻ തൊട്ടികൾ സ്ഥാപിക്കുകയും 2019 തിൽ മെഴുകുംചാൽ മറാച്ചേരി പുത്തയത്ത് സ്കറിയ ചാണ്ടി ദാനമായി നൽകിയ 7 സെൻ്റ് സ്ഥലത്ത് മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃദീയൻ പാത്രിയർക്കീസ് ബാവായുടെ പേരിൽ ഒരു ചാപ്പലും സ്ഥാപിച്ചു അനുഗ്രഹീതമായി ഇന്നും സ്ഥിതി ചെയ്യുന്നു.

1972 കാലഘട്ടം മുതൽ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്‌ സഭയിൽ വിഭാഗീതയും നവീന സിംഹാസന വാദവുമായി ന്യൂനപക്ഷവിഭാഗം മുന്നേറിയപ്പോൾ ഇടവക വികാരിമാ രുടെ ഉറച്ച നിയന്ത്രണത്തിലും ഉപദേശത്തിലും അനുസരണത്തിലും 14-ാം മൈൽ ഇടവക സഭയുടെ ആദിമഘട്ടം മുതൽ മലങ്കരയിലെ പുണ്യപിതാക്കന്മാർ മുറുകെ പിടിച്ചിരുന്ന വിശ്വാസ ആചാര അനുഷ്‌ഠാനങ്ങളിൽനിന്നും പാരമ്പര്യങ്ങളിൽ നിന്നും (അന്ത്യോഖ്യാസിംഹാസന ബന്ധം) അണുവിട തെറ്റാതെ ഞങ്ങളുടെ സന്തതിപരമ്പരകളും പൂർവ്വ പിതാക്കന്മാർ ഭാര മേൽപ്പിച്ച അന്ത്യോഖ്യായിലെ പരി. പത്രോസിൻ്റെ ശ്ലൈഹിക സിംഹാസനത്തിൽ കാലാകാല ങ്ങളിൽ വാണരുളുന്ന വി. പാത്രിയർക്കീസ് ബാവാമാരോട് കൂറ് പുലർത്തിക്കൊണ്ടുള്ള വിശ്വാസ പാരമ്പര്യത്തിൻ്റെ ദീപശിഖ എന്നാളും കെടാതെ കാത്ത് സൂക്ഷിക്കുമെന്ന് 25-08-1974 -ലെ പൊതു യോഗം ഐക്യക‌ണ്ഠേന തീരുമാനമെടുത്ത്. ഛട.ചീ.142/74 നമ്പർ കേസിൽ 1064 പള്ളികളോ ടൊപ്പം പ്രതിസ്ഥാനത്ത് കക്ഷിചേർന്ന് സഭാ സമരത്തെ പൂർണ്ണമായി പിന്തുണയ്ക്കുവാൻ പ്രതിജ്ഞയെടുത്തു.

1982 മാർച്ച് 2-ാം തീയതി ഹൈറേഞ്ച് മേഖലയിലേക്ക് (അടിമാലി) എഴുന്നള്ളിയ 143-ാം പാത്രിയർക്കീസായ വി. മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാപ്രഥമൻ ബാവയ്ക്ക് വീഥികൾ അലങ്കരിച്ച് മെഴുകുതിരികൾ കത്തിച്ച് ഇടവക മക്കൾ നൽകിയ രാജോചിത വരവേല്പ്പ് ഇടവകയ്ക്ക് എന്നും ഉൾപുളകത്തോടെ സ്‌മരിക്കുവാൻ കഴിയുന്ന ഒന്നാണ്. എല്ലാ പാത്രിയർക്കാദിനങ്ങളും ഇടവക സമുചിതമായി കൊടി ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുവരുന്നു.

വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇടവക അംഗങ്ങൾ വർദ്ധിച്ചുവരികയും 1975-ൽ മച്ചിപ്ലാവിലും 76 -ൽ വാളറയിലും 80-ൽ പടിക്കപ്പിലും അവിടുത്തെ ആളുകളുടെ സൗകര്യത്തെ പ്രതി ദൈവാലയങ്ങൾ സ്ഥാപിച്ച് ഈ പള്ളിയിൽ നിന്നും പിരിഞ്ഞുപോവുകയും ചെയ്‌തു. എങ്കിലും മാത്യ ദൈവാലയമായ നമ്മുടെ ഇടവക വീടുകളുടെ സംഖ്യയിൽ കുറവ് വരാതെ 540 ഓളം ആയി ഇന്നും തുടരുന്നു.

കാലഘട്ടത്തിൻ്റെ ആവശ്യമനുസരിച്ച് 1985-ൽ നമ്മുടെ ഇടവകപൊതുയോഗത്തിന്റെ അംഗീകാരത്തോടെയും അഭി.ഭദ്രാസന മെത്രാപ്പോലീത്തയുടെ ശ്രേഷ്‌ഠാനുമതിയോടെയും ഒരു ഭരണ ഘടന നിർമ്മിച്ച് പാലിച്ച് വരുന്നു. ഈ ഭരണഘടനാപ്രകാരം ഭൂപ്രകൃതി അനുസരിച്ച് മച്ചിപ്ലാവ്, മെഴുകുംചാൽ, പത്താംമൈൽ, ഇരുമ്പുപാലം, മുത്തിക്കാട്, പെരുണുച്ചാൽ, 12-ാംമൈൽ, 14 -ാം മൈൽ എന്നീ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഇടവക അംഗങ്ങളെ 15 വാർഡുകളായി തിരിക്കുകയും ഈ വാർഡിൻ്റെ അടിസ്ഥാനത്തിൽ ഭരണ സമിതി അംഗങ്ങളെ തിരിഞ്ഞെടുക്കുകയും ചെയ്തു വരുന്നു.

1980 ൽ ആനച്ചിറ കുടുംബവകയായിരുന്ന പള്ളിയുടെ പടിഞ്ഞാറ് വളത്ത് എൻ. എച്ച് റോഡിനരുകിൽ സ്ഥിതി ചെയ്ത്‌ചിരുന്ന കെട്ടിടം പള്ളിയാവശ്യത്തിലേയ്ക്കായി വാങ്ങുകയും 1992, 93, 95, 2003 കാലഘട്ടങ്ങളിലായി പള്ളിയുടെ വടക്ക് വശത്തുള്ള പള്ളിമേടയുടെ പണികൾ ചെയ്ത‌്‌ മുതൽ കൂട്ടാക്കി ഉപയോഗിച്ചുവരുന്നു.

ഇടവക അംഗങ്ങളുടെ വർദ്ധനവും കാലഘട്ടത്തിൻ്റെ ആവശ്യവും പരിഗണിച്ച് ദൈവാലയം വലുതാക്കിപുണിയുന്നത് സംബന്ധിച്ച് ആലോചിക്കുകയും 1997-99 കാലഘട്ടങ്ങളിലായി വി. മദ്ബഹാ കിഴക്കോട്ട് നീട്ടി പണിതു. ഭദ്രാസന മെത്രാപ്പോലീച്ച അഭി. തോമസ് മോർ ദിവന്നാ സിയോസ് തിരുമനസ്സുകൊ് താല്ക്കാലിക കൂദാശ നിർവ്വഹിച്ച് വി. ബലി അർപ്പിച്ചു. 2005 ജനുവരി മാസം 9-ാം തീയതി വി. കുർബ്ബാനാനന്തരം ശ്രേഷ്‌ഠ കാതോലിക്ക ആബൂൻമോർ ബസേലിസോസ് തോമസ് പ്രഥമൻ ബാവാ ശിലാസ്ഥാപനം നിർവ്വഹിച്ചുകൊണ്ട് പുതുക്കി പണിയുന്ന പള്ളിയുടെ പണി ആരംഭിക്കുകയും 2007 ജനുവരി 8, 9 തീയതികളിൽ സുവർണ്ണ ജൂബിലി പെരുന്നാളിനോടനുബന്ധിച്ച് വി. ഇഗ്നാത്തിയോസ് നൂറോനോയുടെ നാമത്തിലുള്ള പ്രധാന ത്രോണോസ് ഉൾപ്പെടെ വടക്ക് വി. ദൈവമാതാവിൻ്റെയും വി. യൽദോമോർ ബസേലിയോസ് ബാവായുടെ നാമത്തിലും, തെക്ക് വി. ഗീവറുഗീസ് സഹദായുടെയും ചാത്തുരുത്തിൽ വി. ഗീവറുഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടേയും നാമത്തിലുള്ള നാല് ചെറിയ ത്രോണോസുകൾ അടങ്ങിയ 5 ത്രോണോസുകൾ ഉള്ള വി. ദൈവാലയത്തിൻറെ വി. മൂറോൻ അഭിഷേക കൂദാശ ശ്രേഷ്‌ഠ കാതോലിക്ക ആബൂൻമോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യകാർമ്മികത്വത്തിലും ഹൈറേഞ്ച് മേഖല സഹായ മെത്രാപ്പോലീത്ത നി. വ. ദി. ശ്രീ. മാത്യൂസ് മോർ അപ്രേം തിരുമേനിയുടേയും കനാട് ഭദ്രാസന മെത്രാപ്പോലീത്ത നി. വ. ദി. ശ്രീ. മാത്യൂസ് മോർ ഇവാനിയോസ് തിരുമേനിയുടേയും കൊല്ലം ഭദ്രാസനാധിപൻ നി. വ.ദി. ശ്രീ. മാത്യൂസ് മോർ തേവോദോസ്യോസ് തിരുമേനിയുടേയും സെമിനാരി റസിഡൻ്റ് മെത്രാപ്പോലീത്ത നി. വ. ദി. ശ്രീ. കുരിയാക്കോസ് മോർ തെയോഫീലോസ് തിരുമേനിയു ടേയും സഹകാർമ്മികത്വത്തിലും നടത്തി.

ഈ പ്രകാശകിരണത്തിലൂടെ ജീവിക്കുന്നതും ജീവൻ നൽകുന്നതുമായ ദൈവത്തെ കാണു വാൻ ഏവർക്കും കഴിയട്ടെ. തീക്കടുത്ത പിതാവായ വി. മോർ ഇഗ്നാത്തിയോസ് നൂറോനോയു ടേയും വി. ദൈവമാതാവിൻ്റെയും വി. ഗീവറുഗീസ് സഹദായുടേയും സകല വിശുദ്ധന്മാരു ടേയും ശുദ്ധിമതികളുടേയും മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടുകൊ പിതാവിൻ്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ വരും തലമുറയ്ക്കായി അനുഗ്രഹത്തിൻ്റെ വറ്റാത്ത കലവറയായി ഇന്നും 14-ാം മൈൽ ദേശത്തിൻറെ കർമ്മേൽകുന്നിൽ പ്രകാശഗോളമായി നിലകൊള്ളുന്നു.

Read More

മോർ ഇഗ്നാത്തിയോസ് നൂറോനോ, സഭയുടെ പിതാവ്

അന്ത്യോഖ്യായിൽ വി.ശ്ലീഹന്മാരോടൊന്നിച്ച് വളർന്നു വന്ന ബാലനായിരുന്നു അഗ്നിമയനായ മോർ ഇഗ്നാത്തിയോസ് നൂറോനോ. മിശിഹാ തമ്പുരാൻ കൈകളിൽ എടുത്ത് അനുഗ്രഹിച്ചതിനാൽ "ദൈവം വഹിച്ചവൻ" എന്നർത്ഥമുള്ള "തേവോഫോറസ്" എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. അന്ത്യോഖ്യായിലെ മൂന്നാമത്തെ മേൽപ്പട്ടക്കാരൻ (പാത്രിയർക്കീസ്) ആയിരുന്ന ഇഗ്നാത്തിയോസ് നൂറോനോയുടെ മാത്യഭാഷ സുറിയാനി ആയിരുന്നു. വി. പത്രോസ് ശ്രീഹാ ഏ.ഡി. 37-ൽ അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിക്കുകയും, തന്റെ ശ്ലൈഹിക പര്യടനത്തിനുമുമ്പായി ഏവദ്യോനിനേയും, ഇഗ്നാത്തിയോസിനേയും (നൂറോനോ) തൻ്റെ പിൻഗാമികളായി നിയമിക്കുകയും ചെയ്തു. അങ്ങനെ വി.പത്രോസ് ശ്ലീഹായ്ക്ക് ശേഷം രണ്ടാമത്തെ പാത്രിയർക്കീസായി ഏവദ്യോസും, മൂന്നാമത്തെ പാത്രിയർക്കീസായി ഇഗ്നാത്തിയോസ് നൂറോനോയും വാഴിക്കപ്പെട്ടു.

സഭാപരമായ പല ക്രമീകരണങ്ങളും ബാവ തൻ്റെ ഭരണകാലത്ത് നടപ്പാക്കി. അഗ്നിമയമായ മാലാഖമാർ രണ്ട് വ്യന്ദമായി ദൈവസന്നിധിയിൽ നിന്നുകൊണ്ട് മാറി മാറി സ്‌തുതിക്കുന്നതായി ദർശനത്തിൽ കണ്ട ബാവ അന്ത്യോഖ്യൻ സഭയിൽ അപ്രകാരം ക്രമീകരണങ്ങൾ നടത്തി. പിന്നീട് മറ്റു ഭാഗങ്ങളിലും ആ ക്രമീകരണങ്ങൾ അംഗീകരിക്കപ്പെട്ടു. ദേവാലയത്തിൽ ആരാധനാസമ യത്ത് രണ്ട് ഭാഗങ്ങളായി സ്ത്രീ പുരുഷന്മാർ പങ്കെടുക്കുന്നത് ഈ ക്രമീകരണത്തിന്റെ പിൻതുടർച്ചയാണ്.

ആചാര്യതത്വത്തെപ്പറ്റി ബാവ പറയുന്നതിപ്രകാരമാണ്. "എപ്പിസ്ക്‌കോപ്പന്മാരോ, കാശീശന്മാരോ ഇല്ലാത്തിടത്ത് സഭയില്ല. നിങ്ങളും ഇക്കാര്യത്തിൽ എന്നോട് യോജിക്കും.” (ത്രാലി യർക്കുള്ള ലേഖനം) സ്‌മിർന്നാക്കാർക്കുള്ള ലേഖനത്തിൽ ഇങ്ങനെ പറയുന്നു. "പിതാവായ ദൈവത്തെ ക്രിസ്‌തു അനുസരിച്ചതുപോലെ നിങ്ങളെല്ലാം എപ്പിസ്‌ക്കോപ്പയുടെ നേതൃത്വം സ്വീകരിക്കണം. ശ്രീഹന്മാരെയെന്നപോലെ നിങ്ങൾ ആചാര്യന്മാരെ അനുസരിക്കണം. ദൈവകല്പനകളെ ബഹുമാനിക്കുന്നതുപോലെ നിങ്ങൾ ശെമ്മാശന്മാരെ ബഹുമാനിക്കുക. എപ്പിസ്ക്‌കോപ്പയെക്കൂടാതെ സഭാകാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല. എപ്പിസ്‌കോപ്പായോ അദ്ദേഹത്താൽ നിയുക്തനോ അനുഷ്‌ഠിക്കുന്ന വി. കുർബ്ബാന മാത്രം അംഗീകാര്യമായിരിക്കും. ക്രിസ്തു എവിടെയുണ്ടോ, അവിടെ കാതോലിക സഭയുള്ളതുപോലെ എപ്പിസ്ക്‌കോപ്പാ എവിടെയുണ്ടോ അവിടെ ജനങ്ങളുമായിരിക്കട്ടെ. മാമോദീസ മുക്കുവാനോ കുർബ്ബാന അർപ്പിക്കുവാനോ എപ്പിസ്ക്‌കോപ്പായുടെ അനുമതി കൂടാതെ സാദ്ധ്യമല്ല. വീണ്ടും എപ്പിസ്‌ക്കോപ്പ, കാശീശ, ശെമ്മാശൻ എന്നിവരെ കൂടാതെ എന്തെങ്കിലും പ്രവർത്തിക്കുന്നവൻ്റെ മനസ്സാക്ഷി ശുദ്ധമല്ല'.

വി. ദൈവമാതാവിനോട് അതിയായ ഭക്തി പ്രകടിപ്പിച്ചിരുന്ന നൂറോനോ വി.മാതാവിന്റെ നിത്യ കന്യകാത്വത്തെക്കുറിച്ചും, വി. കുർബ്ബാന കർത്താവിൻ്റെ സാക്ഷാൽ ശരീരരക്തങ്ങളാണെന്നും, മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതാവശ്യമാണെന്നും തൻ്റെ ലേഖനങ്ങളിൽ കൂടി വ്യക്തമാക്കിയിട്ടുണ്ട്. 40 വർഷക്കാലം അന്ത്യേഖ്യാസിംഹാസനത്തിലിരുന്ന് സഭക്ക് വേണ്ടി അനേകം ത്യാഗങ്ങൾ സഹിച്ചു.

സഭയുടെ മൂന്നാമത്തെ പീഡയുടെ കാലത്ത് റോമാ ചക്രവർത്തിയായ ട്രാജൻ നൂറോനോയെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകൊടുക്കാൻ കല്‌പിച്ചു. അതറിഞ്ഞ് നാഥൻ ഇങ്ങനെ അരുളി ചെയ്തു‌. "ഗോതമ്പ് തിരിക്കല്ലിൽ കിടന്ന് പൊടിഞ്ഞരഞ്ഞു നേർമ്മയുള്ള പൊടിയായിത്തീർന്നുകൊണ്ട് കർത്താവിന് കാഴ്ച്‌ചയപ്പം ഉണ്ടാകുന്നതുപോലെ സിംഹങ്ങളുടെ പല്ലുകളുടെ ഇട യിൽ കിടന്നരഞ്ഞ് നല്ല നേർമ്മയായി തന്നെത്തന്നെ കാഴ്‌ചയപ്പാമാക്കുവാൻ ധൃതിയായി" എന്നാണ്. തന്നെ ബന്ധിപ്പാൻ കൊണ്ടുവന്ന ചങ്ങലയെ ചുംബിച്ചുകൊണ്ട് നാഥനുവേണ്ടി ബന്ധിതനാകുന്നതിൽ ദൈവത്തെ സ്‌തുതിച്ചു.

ഇഗ്നാത്തിയോസ് നൂറോനോയുടെ നാമത്തിലുള്ള ദേവാലയങ്ങൾ മലങ്കരയിൽ അപൂർവ്വമാണ്. വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിപാർത്ത്, പ്രതികൂല കാലാവസ്ഥയോടും, കാട്ടുമൃഗങ്ങളോടും പോരാടി ജീവിതം കരുപ്പിടിപ്പിച്ച ഹൈറേഞ്ച് നിവാസികൾക്ക് മഹാവിശുദ്ധനായ മാർ ഇഗ്നാത്തിയോസ് നൂറോനോ എന്നും അഭയവും കാവലും ആയിരിക്കും.

ഇഗ്നാത്തിയോസ് നൂറോനോയുടെ നാമത്തിലുള്ള ഈ ദൈവാലയം ആ വിശുദ്ധ പിതാവിൻ്റെ മദ്ധ്യസ്ഥതയും, കാവലും എന്നും നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ.

Read More